മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ‘ഗഗൻയാൻ’ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) നാളെ നടക്കും. ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണമാണ് ശനിയാഴ്ച രാവിലെ നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരിക്കും പരീക്ഷണ വിക്ഷേപണം. മനുഷ്യ സംഘത്തെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം.
പരീക്ഷണം പൂർത്തിയാക്കി അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്ത് അയയ്ക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3, ഒന്നര ആഴ്ചയ്ക്കു ശേഷം സൂര്യനെ നേരിട്ടു നിരീക്ഷിക്കുന്നതിനുള്ള ആദിത്യ എൽ1 വിക്ഷേപണം എന്നിങ്ങനെ ഒരുപിടി വിജയകരമായ ദൗത്യങ്ങൾക്കു ശേഷമാണ് ഐഎസ്ആർഒ ഗഗൻയാൻ പരീക്ഷണ ദൗത്യത്തിന് ഒരുങ്ങുന്നത്. ഈ വർഷം ഇതുവരെ ഏഴ് വിക്ഷേപണങ്ങളാണ് ഐഎസ്ആർഒ നടത്തിയത്. എല്ലാം പൂർണ്ണ വിജയവുമായിരുന്നു.