നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും വേദിയായി രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി സമാപിച്ചു. മികച്ച ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി. ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ജി 20 അംഗങ്ങൾക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ദില്ലിയിൽ തുടരുന്ന ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി.
ഒരു ഭാവി പ്രമേയത്തിലാണ് സമാപന ദിനമായ ഇന്ന് ചർച്ചകൾ നടന്നത്. ഭാവിയിലെ വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തി വിഷയങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി നേതാക്കൾ പ്രഗതി മൈതാനിൽ വൃക്ഷ തൈകൾ നട്ടു. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കൾ രാജ്ഘട്ടിൽ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.