കേരളത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യ രംഗത്ത് ജെൻ റോബോട്ടിക്സ് പുതുതായി വികസിപ്പിച്ചെടുത്ത ജി ഗെയ്റ്റർ റോബോട്ടുകൾ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ്. സ്ട്രോക്ക്, അപകടങ്ങൾ, നട്ടെല്ലിന് ക്ഷതം, പാർക്കിൻസൺസ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട ആളുകൾക്ക് എഐ സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി ഗെയ്റ്റർ പരിശീലനം നൽകുന്നു. മന്ത്രി പി രാജീവാണ് ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
രാജ്യത്തെതന്നെ ഏറ്റവും മികച്ച മൂന്ന് ആർടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിൽ നിന്നുള്ള സംരംഭമാണ് ജെൻ റോബോട്ടിക്സ്. മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ബാൻടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് അത്ഭുതം സൃഷ്ടിച്ച ജെൻ റോബോട്ടിക്സ് പുതുതായി വികസിപ്പിച്ചെടുത്ത ജി ഗെയ്റ്റർ റോബോട്ടുകൾ കേരളത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും സൃഷ്ടിക്കുക.
സ്ട്രോക്ക്, അപകടങ്ങൾ, നട്ടെല്ലിന് ക്ഷതം, പാർക്കിൻസൺസ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട ആളുകൾക്ക് എഐ സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി ഗെയ്റ്റർ പരിശീലനം നൽകുന്നു. തികച്ചും ശാസ്ത്രീയമായ പരിശീലനത്തിലൂടെ ആളുകളിൽ വലിയ മാറ്റമുണ്ടാക്കുന്നുണ്ടെന്ന് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തിയ ഈ കണ്ടുപിടുത്തം നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രി ഉൾപ്പെടെ കേരളത്തിലെ 6 ആശുപത്രികളിലും രാജ്യത്തെ പ്രമുഖ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്.
മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ബാൻടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് അത്ഭുതം സൃഷ്ടിച്ച ജെൻ റോബോട്ടിക്സ് 2018ൽ കേരള ഗവൺമെന്റിന്റെ സഹകരണത്തോടുകൂടിയാണ് സ്റ്റാർട്ട്പ്പ് ആയി പ്രവർത്തനം ആരംഭിക്കുന്നത്.ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളിൽ ഒന്നായി ഇവർ വളർന്നിരിക്കുന്നു. നവീനമായ ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വർക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്നോപാർക്കിൽ നൽകുകയും ചെയ്തത് സംസ്ഥാന സർക്കാരാണ്. അതുകൊണ്ട് തന്നെ ഈ നേട്ടം നാടിൻ്റെ അഭിമാനമായിട്ടാണ് ഞങ്ങൾ കാണുന്നത്. നാഞ്ഞൂറിലധികം പേർക്ക് തൊഴിൽ നൽകും വിധത്തിൽ വളർന്ന കമ്പനിക്ക് കിൻഫ്ര പാർക്കിൽ ജെൻ റോബോട്ടിക്സിന്റെ കൂടുതൽ വിപുലമായ യൂണിറ്റ് ആരംഭിക്കാനും വ്യവസായവകുപ്പ് പൂർണപിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്.