ഫുജൈറയിലെ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ ഉടൻ സാധ്യമാകും. ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് (FIA) ബിസിനസ് ഡെവലപ്മെന്റ് മാനേജർ മാർക്ക് ഗോവേന്ദർ അറിയിച്ചിരിക്കുകയാണ്.
എന്നാൽ, ഫുജൈറ വിമാനത്താവളത്തിൽ നിന്നും വിമാനസർവീസുകൾ തുടങ്ങുന്ന കൃത്യമായ തീയതികൾ വെളിപ്പെടുത്താൻ കഴിയില്ലെ. ചിലപ്പോൾ പെട്ടെന്നായിരിക്കും തിയതി തീരുമാനിക്കുക. ചില ഡോക്യുമെന്റേഷൻ അന്തിമമാക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർട്ടിൽ (ATM) സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഈ വർഷം ജൂലൈയിൽ ഈജിപ്ത് എയർ ഫുജൈറയിലേക്ക് സർവീസ് ആരംഭിക്കുന്നുണ്ട്. ജൂലൈ 11 ന് ഫ്ലൈറ്റുകൾ ആരംഭിക്കും, അക്കാര്യത്തിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഒരു ഇന്ത്യൻ എയർലൈനുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലാണ്. മറ്റ് എയർലൈനുകളും സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫുജൈറ വിമാനത്താവളത്തിന് ഇത് വളരെ ആവേശകരമായ സമയമാണെന്നും ഗോവേന്ദർ പറഞ്ഞു. പുതിയ സർവീസുകൾക്കായി പ്രവാസികൾ അടക്കമുള്ളവർ കാത്തിരിക്കുകയാണ്.