ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളെക്കുറിച്ച് സ്ഥിരമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന നംബിയോയുടെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ യുഎഇയിലെ ഫുജൈറ ഒന്നാമതെത്തി.466 അന്താരാഷ്‌ട്ര നഗരങ്ങളെ പിന്നിലാക്കിയാക്കി ഫുജൈറയുടെ നേട്ടം.
ഒന്നാമതെത്തിയ ഫുജൈറയ്ക്ക് 93 ശതമാനത്തിലധികം സ്‌കോർ ലഭിച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയാണ് തൊട്ടുപിന്നിലുളളത്. അജ്മാൻ, ഷാർജ, ദുബായ് എന്നീ നഗരങ്ങൾ യഥാക്രമം 7, 8, 9 സ്ഥാനങ്ങളിലാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ തുടങ്ങി ജീവിത നിലവാര കണക്കുകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കുന്നത്.
ദോഹ (ഖത്തര്‍), സാൻ സെബാസ്റ്റ്യൻ (സ്‌പെയിൻ), തായ്‌പേയ് (തായ്‌വാൻ), ക്യൂബെക് സിറ്റി (കാനഡ), സൂറിച്ച് (സ്വിറ്റ്‌സർലൻഡ്) എന്നീ നഗരങ്ങൾ ആദ്യ പത്തിലുണ്ട്. പോലീസിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ അപകടങ്ങളുടെയും നിരക്ക് താഴ്ന്നതാണ് ഫുജൈറയുടെ നേട്ടത്തിന്‍റെ പ്രധാന ഘടകം.