യുഎഇയിലെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കാത്തവരാണോ നിങ്ങൾ. എങ്കിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ മെയ് 31-ന് മുമ്പായി സമർപ്പിക്കണമെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
നികുതി സംബന്ധമായ നിയമങ്ങളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നിർബന്ധമാണെന്നും രാജ്യത്ത് ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കോർപ്പറേറ്റ് ടാക്സ് നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് ഫെഡറൽ ടാക്സ് അതോറിറ്റി ചുമത്തുന്ന പിഴകൾ 2023 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ 2024 മാർച്ച് 1 മുതൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കിയിരിക്കുകയാണ്. യുഎഇയിലെ കോർപ്പറേറ്റ് നികുതി നിയമം അനുസരിച്ച് 3,75,000 ദിർഹത്തിൽ കൂടുതലുള്ള നികുതി വരുമാനത്തിന് 9 ശതമാനമാണ് കോർപ്പറേറ്റ് നികുതി നിരക്ക്.