തൊഴിൽ നൈപുണ്യമുളള വിദേശികൾക്ക് തൊഴിൽ മേഖലയ്ക്ക് ഇണങ്ങും വിധം ഫ്രീലാൻസ് ജോലികൾക്ക് അനുമതി നൽകാൻ യുഎഇ നീക്കം. എല്ലാ മേഖലകളിലും വൈദഗ്ധ്യങ്ങളിലുമുള്ള ആളുകൾക്ക് പുതിയ ഫ്രീലാൻസ് വർക്ക് പെർമിറ്റ് അനുവദിക്കും. പദ്ധതി 2023ൻ്റെ മൂന്നാം പാദത്തോടെ നടപ്പാക്കാനാകുമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ അവാർ പറഞ്ഞു.
ഫ്രീലാൻസർമാർക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ജോലിചെയ്യാൻ സാധിക്കും. വിദൂര ജോലി, വിദൂര വിദ്യാഭ്യാസം, വിദൂര ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച റിമോട്ട് ഫോറത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിയമത്തിൻ്റെ കീഴിൽ ജോലി ഉറപ്പാക്കുന്നതിനൊപ്പം വൈദ്യഗ്ദ്ധ്യമുളളവർക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുക എന്നതും ലക്ഷ്യമാണ്. വൈദഗ്ദ്ധ്യം കുറഞ്ഞ ആളുകൾക്കും പരിചയ സമ്പന്നരായവർക്കൊപ്പം അനുഭവമ്പത്ത് നേടാൻ അവസരം ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നും യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി വ്യക്തമാക്കി.