സൗജന്യ പിസിആര്‍ ടെസ്റ്റിന് നിയന്ത്രണവുമായി അബുദാബി. സൗജന്യ പരിശോധന 14 ദിവസത്തിലൊരിക്കലാക്കി ചുരുക്കി. പരിശോധനകളുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് നിയന്ത്രണം. ഗ്രീന്‍ പാസ് കാലാവധി മുപ്പതില്‍നിന്ന് 14 ദിവസമാക്കി കുറച്ചതോടെ പിസിആര്‍ പരിശോധനകൾക്ക് തിരക്കേറുകയായിരുന്നു. പ്രതിദിനം 40,000ല്‍ കൂടുതല്‍ പേരാണ് സൗജന്യ പരിശോധനയ്ക്കായി എത്തുന്നത്.
അബുദാബിയില്‍ സൗജന്യ പിസിആര്‍ സേവനങ്ങൾ നല്‍കുന്ന ഏഴ് കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മുസഫലിയിലെ രണ്ട് കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. അതേസയമം മഫ്റഖ്, ഹമീം എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയും മറ്റ് കേന്ദ്രങ്ങൾ രാവിലെ 9.30 മുതല്‍ രാത്രി 12 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്.
യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കന്നതിന് അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. അബുദാബിയില്‍ പൊതുസ്ഥലത്തെ പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണമെന്നാണ് നിബന്ധന. എന്നാല്‍ പ്രതിരോധ വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസയിലുളളവര്‍ക്കും ഏഴ് ദിവസം മാത്രമേ ഗ്രീന്‍പാസ് കാലാവധി അനുവദിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇളവുകൾ ദുരുപയോഗപ്പെടുത്തിയതാണ് യുഎഇയില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം മൂന്ന് ലക്ഷത്തോളം സാമ്പിളുകൾ യുഎഇയിലാകെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.