ഫെറി ഉപയോക്താക്കൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജലഗതാഗത മേഖലയെ ആശ്രയിക്കുന്നവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെഭാഗമായി ദുബായ് ആർടിഎ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്.
ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള ഫെറി സർവീസ് ഉപയോഗിക്കുന്ന ബൈക്ക്, സ്കൂട്ടർ യാത്രക്കാർക്ക് ഇനി പാർക്കിംഗ് ഫീസ് നൽകേണ്ടതില്ലെന്ന് ദുബായ് ആർടിഎ അറിയിച്ചു. ഇതുവഴി ഇരുചക്രവാഹനയാത്രികർക്ക് വാഹനങ്ങൾ പാർക്ക് ചെയ്ത് സമീപത്തെ കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്നും ആർടിഎ വ്യക്തമാക്കി. എന്നാൽ മറ്റു വാഹനങ്ങളിൽ വരുന്നവർ പാർക്കിങ് ഫീസ് നൽകണം. കൊവിഡ് കാലത്ത് നിർത്തിവച്ച ദുബായ്-ഷാർജ ഫെറി സർവീസ് ഈ മാസം നാലിനാണ് പുനരാരംഭിച്ചത്.
പൊതുജനങ്ങൾക്ക് ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ 15 ദിർഹത്തിന് യാത്ര ചെയ്യാം. പ്രവാസികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ദുബായിലെ അൽ ഖുബൈബ സ്റ്റേഷനും ഷാർജ അക്വേറിയം സ്റ്റേഷനും തമ്മിലുള്ള ഫെറി സർവീസുകളെ ആശ്രയിക്കുന്നു. ദുബായിൽ നിന്ന് 35 മിനിറ്റിനുള്ളിൽ ഷാർജയിലെത്താം.