ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ഫുജൈറ ആരോഗ്യ മന്ത്രാലയം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘എന്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്തം’ എന്ന പേരിൽ പൊതുജനങ്ങളിൽ ആരോഗ്യ അവബോധ മുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഫുജൈറ എക്സസ്പോ സെന്ററിൽ വൈകുന്നേരം അഞ്ചു മണി മുതൽ എട്ടുവരെയാണ് ക്യാമ്പ് നടക്കുക. തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പ് ഈമാസം പതിനഞ്ചു വരെ നീണ്ടുനിൽക്കും. സർക്കാർ, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിവിധ ആരോഗ്യ സേവനങ്ങളും ചികിത്സകളും ആരോഗ്യ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, ഫിസിക്കൽ തെറപ്പി, ഇ.എൻ.ടി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, ഒഫ്താൽമോളജി, കാർഡിയോളജി, പീഡിയാട്രിക്സ്, ഡയബറ്റിക്സ്, ബ്ലഡ് ടെസ്റ്റ്, സ്പീച് തെറപ്പി തുടങ്ങി വിവിധ സേവനങ്ങൾ ഈ ക്യാമ്പിൽ ലഭ്യമാണ്.