വിശക്കുന്നവര്‍ക്ക് റൊട്ടി വിതരണം ചെയ്യാണ് എടിഎം മാതൃകയില്‍ മെഷീന്‍. യുഎഇയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികൾക്കും സൗജന്യമായാണ് റൊട്ടി വിതരണം. രാജ്യത്ത് ആരും പട്ടിണികിടക്കരുതെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് പദ്ധതി.
ദിനംപ്രതി വിവിധ സമയങ്ങളിൽ സൗജന്യമായി റൊട്ടി ലഭ്യമാക്കും. ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷൻ്റെ (AMAF) കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെൻ്റർ ഫോർ എൻഡോവ്‌മെൻ്റ് കൺസൾട്ടൻസി (MBRGCEC)യാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. വിവിധ ഔട്ട്‌ലെറ്റുകളിലായി വിന്യസിച്ചിരിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴി ആവശ്യമുള്ളവർക്ക് ചൂടൊടെ ഭക്ഷണം ലഭ്യമാകും.
അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽഷെബ, നദ്ദ് അൽ ഹമർ, അൽ ഖൗസ്, അൽ ബദാഅ ശാഖകളിലെ സൂപ്പർമാർക്കറ്റുകളാണ് ആദ്യഘട്ട സ്മാർട്ട് മെഷീനുകൾ സ്ഥാപിക്കുക. കാരുണ്യ പ്രവർത്തനങ്ങളുടെ ആധുനികവും സുസ്ഥിരവുമായ മാതൃകയാണ് യുഎഇ ആവിഷ്കരിച്ചിരിക്കുന്നത്.
ഗള്‍ഫ് നാടുകളിലെ പ്രധാന ഭക്ഷണമായ ഖുബ്ബൂസ് റൊട്ടിയാണ് ആവശ്യക്കാര്‍ക്ക് സ്മാര്‍ട്ട് മെഷീനുകള്‍ വഴി സൗജന്യമായി നല്‍കുക. ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ലളിതമായ സംവിധാനങ്ങളോടെയാണ് സ്മാര്‍ട്ട് മെഷീന്‍റെ രൂപകല്‍പ്പന. ദുബായ് നൗ ആപ്പിലൂടെയോ എസ്എംഎസ് വഴിയോ ഭക്ഷണം സംഭാവന നൽകാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.