പലനാൾ കള്ളൽ ഒരുനാൾ പിടിയിൽ എന്നാണല്ലോ. അത്തരത്തിൽ വർഷങ്ങളോളം തട്ടിപ്പ് നടത്തിയ ഒരാൾ ഒടുവിൽ എഫ്.ബി.ഐ കസ്റ്റഡിയിലായി. എമിറാത്തി രാജകുമാരനെന്ന വ്യാജേന നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹങ്ങൾ തട്ടിയെടുത്ത് കടന്ന 38കാരനായ അലക്സ് ടാന്നസ് എന്ന യുവാവാണ് പിടിയിലായത്.
യുഎഇയിൽ നിന്നുള്ള ഒരു ബിസിനസുകാരനാണെന്നും എമിറാത്തി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ടാന്നസ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയിരുന്നത്. ഇക്വിക്കോ എൻ്റർപ്രൈസസ് ഇങ്ക് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. ഇതിനായി ഒരു വെബ്സൈറ്റിൽ യുഎഇയുടെ വേൾഡ് പീസ് അംബാസഡറും മറ്റൊരു സൈറ്റിൽ ദുബായ് ആസ്ഥാനമായുള്ള ഒരു കൂട്ടായ്മയുടെ സ്ഥാപകനും ചെയർമാനുമാണ് ടാന്നസെന്നും നൽകിയിരുന്നതായും എഫ്ബിഐ സമർപ്പിച്ച ക്രിമിനൽ പരാതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയിലെ ടെക്സസിലെ സാൻ അൻ്റോണിയോയിൽ വെച്ചാണ് ഇയാൾ എഫ്ബിഐയുടെ വലയിലായത്. നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് ഡോളറുകളാണ് ടാന്നസ് ഇതിനോടകം കൈക്കലാക്കിയത്. അറസ്റ്റിലായ ടാന്നസിനെ സാൻ അൻ്റോണിയോയിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുകയും ബോണ്ടില്ലാതെ തടവിലാക്കാൻ ഉടൻ തന്നെ ഉത്തരവിടുകയും ചെയ്തു. കുറ്റകൃത്യം തെളിഞ്ഞാൽ അവിടെ 20 വർഷത്തെ തടവ് ശിക്ഷയാണ് ഇയാളെ കാത്തിരിക്കുന്നത്.