ബഹ്റൈനിൽ നിരോധിത മത്സ്യബന്ധനത്തിലേർപ്പെട്ട ബഹ്റൈൻ പൗരനും നാല് ഇന്ത്യൻ വംശജരും പിടിയിൽ. ചെമ്മീൻ പ്രജനന കാലത്ത് നിരോധിച്ചിട്ടുള്ള മത്സ്യ ബന്ധനത്തിൽ ഏർപ്പെടുകയും നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തതിനാണ് ഇവർ പിടിയിലായത്. പിടിയിലായ അഞ്ച് പേർക്കും തടവ് ശിക്ഷ വിധിച്ചു.
ബഹ്റൈൻ പൗരന് ഒരു മാസത്തെ തടവിനും നാല് ഇന്ത്യൻ പൗരന്മാരെ 10 ദിവസത്തെ തടവിനും അതിനുശേഷം ബഹ്റൈനിൽ നിന്ന് നാടുകടത്തുവാനുമാണ് കോടതി ഉത്തരവിട്ടത്. നിലവിലെ മത്സ്യബന്ധന സീസണിൽ നിരോധിച്ചിട്ടുള്ള ചെമ്മീൻ പിടിക്കാൻ പ്രതികൾ ബോട്ടം ട്രോൾ വല ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോസ്റ്റ് ഗാർഡ് പട്രോളിങ് സംഘത്തെ കണ്ടയുടൻ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു.
ഇവരിൽ നിന്ന് ഏകദേശം 60 കിലോഗ്രാം ചെമ്മീൻ അധികൃതർ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ചെമ്മീൻ, നിരോധിത വലകൾ, മത്സ്യബന്ധന യാനങ്ങൾ എന്നിവ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. സ്പോൺസറാണ് തങ്ങൾക്ക് ബോട്ട് നൽകിയതെന്ന് പ്രതികൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സ്പോൺസറെയും അറസ്റ്റ് ചെയ്തു.