കാൽനട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നിർദിഷ്ട മേഖലകളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കണമെന്ന് ഓർമിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. സമൂഹമാധ്യമങ്ങളിലൂടെയാണ് നിർദേശങ്ങളും റോഡ് സുരക്ഷയുടെ പ്രധാന്യവും അധികൃതർ അറിയിച്ചത്. തിരക്കേറിയ റോഡുകളിൽ കാൽനടയായി യാത്ര ചെയ്യുന്നവർക്ക് സീബ്രാലൈനുകൾ ഉപയോഗിക്കുക, ട്രാഫിക് പോയന്റുകളിൽ സൂചനയായ ‘ഗ്രീൻ’ സിഗ്നനലുകൾ അനുസരിച്ച് റോഡ് മുറിച്ചുകടക്കുക എന്നീ നിർദേശങ്ങൾ മന്ത്രാലയം നൽകി. ട്രാഫിക് സിഗ്നലുകള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നും നടപ്പാതകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മാത്രമല്ല, മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർ റോഡിന്റെ വലതു ട്രാക്ക് ഉപയോഗിക്കണമെന്ന് മറ്റൊരു പോസ്റ്റിൽ ട്രാഫിക് വിഭാഗം അറിയിച്ചിട്ടുണ്ട്. അതേസമയം നിർദേശം തെറ്റിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നവർക്കെതിരെ ജനുവരി 15 മുതൽ പിഴ ചുമത്തി തുടങ്ങിയിരുന്നു. മോട്ടോർ സൈക്കിൾ യാത്രികർ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.