ആഗോളതലത്തിൽ വിലക്കയറ്റം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ. ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറഞ്ഞ ഭക്ഷ്യ വിലക്കയറ്റ നിരക്കുകളിലൊന്നാണ് ഖത്തറിന്റേത്. 2022 ജൂലൈയ്ക്കും 2023 മെയ്ക്കും ഇടയിൽ വർഷാടിസ്ഥാനത്തിൽ 2 ശതമാനത്തിൽ താഴെയാണ് ഖത്തറിലെ ഭക്ഷ്യ വിലക്കയറ്റം എന്നാണ് റിപ്പോർട്ട്.
രാജ്യാന്തര നാണയ നിധി നൽകുന്ന സ്ഥിതി വിവരക്കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് ലോകബാങ്ക് ഭക്ഷ്യവിലക്കയറ്റ നിരക്കുകളുടെ കണക്കുകൾ തയാറാക്കുന്നത്. 2022 ജൂലൈയിൽ ഖത്തറിലെ ഭക്ഷ്യ സാധനങ്ങളുടെ വിലകയറ്റ നിരക്ക് 4.8 ശതമാനവും ഓഗസ്റ്റിൽ 6.4 ശതമാനവും സെപ്റ്റംബറിൽ 4.6 ശതമാനവും ആയിരുന്നു.
ലോകബാങ്കിന്റെ കീഴിലുള്ള കാർഷിക ഭക്ഷ്യ യൂണിറ്റുമായി ചേർന്നാണ് ഭക്ഷ്യ വിലകയറ്റ സൂചകങ്ങൾ വിലയിരുത്തി കളർ കോഡ് തയാറാക്കിയത്. ഇതനുസരിച്ച് ഖത്തറിന്റെ കളർ കോഡ് പച്ചയാണ്. വിലകയറ്റ നിരക്ക് 2 ശതമാനത്തിൽ താഴെയുള്ള രാജ്യങ്ങൾക്കാണ് പച്ച നിറം നൽകിയിരിക്കുന്നത്.