രാജ്യത്ത് കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിന്റെ ഭാഗമായി രാജ്യത്ത് യെല്ലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇതിന്പുറമെ നേരിയതോതിൽ പൊടിക്കാറ്റ് വീശാനും ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്യാനും സാധ്യതയുള്ളതായും ആധികൃതർ അറിയിച്ചു.
മൂടൽ മഞ്ഞ് സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാരും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയിൽ ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അബുദാബിയിൽ 29ഡിഗ്രി സെൽഷ്യസിനും 42ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 29ഡിഗ്രി സെൽഷ്യസിനും 41ഡിഗ്രി സെൽഷ്യസിനും ഇടയിലുമായിരിക്കും താപനില. അറേബ്യൻ ഗൾഫിലും ഒമാനിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ന് യുഎഇയുടെ ചില സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ മൺസൂൺ ന്യൂനമർദം അനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണമല്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.