ദുബായിൽ എയർ ടാക്സികൾ പ്രവർത്തിപ്പിക്കാൻ ഒരുങ്ങി യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ. ആറ് വർഷത്തേക്ക് എയർ ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിനുളള പ്രത്യേക അവകാശം നൽകുന്ന കരാർ ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ഒപ്പുവച്ചു. എമിറേറ്റിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ദുബായ് സർക്കാരിൻ്റെ സാമ്പത്തിക സഹായവും പറക്കും കാർ നിർമ്മാതാവിന് ലഭിച്ചിരുന്നു.
“എമിറേറ്റിൽ ആറ് വർഷത്തേക്ക് എയർ ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിന് ജോബിക്ക് പ്രത്യേക അവകാശം നൽകുന്ന ഒരു കൃത്യമായ കരാർ ഞങ്ങൾ ദുബായ് സർക്കാരുമായി ഒപ്പുവച്ചു. കരാറിൽ സാമ്പത്തിക പിന്തുണയും ഉൾപ്പെടുന്നുവെന്ന് ”കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വേൾഡ് ഗവൺമെൻ്റ് ഉച്ചകോടിയിൽ 2026 ൻ്റെ തുടക്കത്തോടെ എയർ ടാക്സി സർവീസുകൾ ആരംഭിക്കുന്നതിനുള്ള കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. 2025 ൻ്റെ തുടക്കത്തിൽ തന്നെ എയർ ടാക്സികൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ജോബി ഏവിയേഷൻ തുടക്കം കുറിക്കും.
അമേരിക്ക ഉൾപ്പെടെയുള്ള മറ്റേതൊരു രാജ്യത്തിനും മുമ്പ് കമ്പനി ആദ്യം തങ്ങളുടെ എയർ ടാക്സി ദുബായിൽ അവതരിപ്പിക്കുമെന്ന് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ജോബി ഏവിയേഷൻ പ്രസിഡൻ്റ് ബോണി സിമി പറഞ്ഞു.