സൗദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് 30 വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. എയർബസ് കമ്പനിയിൽ നിന്ന് എ320 നിയോ ഇനത്തിൽ പെട്ട വിമാനങ്ങളാകും കമ്പനി വാങ്ങുക. 1,400 കോടിയിലേറെ റിയാലിന്റെ ഇടപാടാണിത്. പാരീസ് എയർ ഷോയ്ക്കിടെ ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചു.
ഫ്ളൈ നാസിന് കീഴിൽ ആകെ 49 വിമാനങ്ങളാണ് നിലവിലുള്ളത്. ഇതിൽ മൂന്നിൽ രണ്ടും എയർബസ് എ320നിയോ ഇനത്തിൽ പെട്ടവയാണ്. കൂടാതെ എയർബസ് എ320സിയോ ഇനത്തിൽ പെട്ട 13 വിമാനങ്ങളും വീതി കൂടിയ എയർബസ് എ330 ഇനത്തിൽ പെട്ട നാലു വിമാനങ്ങളും ഫ്ളൈ നാസ് സർവീസ് നടത്തുന്നതിനായി ഉപയോഗിക്കുന്നു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്ലിജ്, ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി സാലിഹ് അൽജാസിർ, ഫ്ളൈ നാസ് ചെയർമാൻ ആയിദ് അൽജുഅയ്ദ്, ഫ്ളൈ നാസ് സിഇഒയും എം.ഡിയുമായ ബന്ദർ അൽ മുഹന്ന, എയർബസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ക്രിസ്റ്റ്യൻ ഷരീർ എന്നിവർ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ സംബന്ധിച്ചു.