യുഎഇയിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് ചെലവ് കുറഞ്ഞ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഫ്ലൈ ജിന്ന. ഫെബ്രുവരി 17 മുതലാണ് ഇസ്ലാമാബാദിനും ഷാർജയ്ക്കും ഇടയിൽ ഡബിൾ ഡയറക്ട് ഫ്ലൈറ്റുകൾ സർവ്വീസ് ആരംഭിക്കുക.
മറ്റ് എയർലൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഷാർജയിൽ നിന്ന് ഇസ്ലാമാബാദിലേയ്ക്ക് ഫ്ലൈ ജിന്നയിൽ യാത്ര ചെയ്യുന്നതിന് 100 ദിർഹത്തിന്റെ കുറവാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. ഏകദേശം 17 ദശലക്ഷം പാക്കിസ്ഥാൻ പൗരന്മാർ യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്. യുഎഇയിലെ രണ്ടാമത്തെ വലിയ സമൂഹമാണ് ഇവർ. അതുകൊണ്ടുതന്നെ പ്രവാസി പാക് പൗരന്മാർക്ക് പുതിയ സർവ്വീസ് വളരെയധികം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് ഒരു ബജറ്റ് കാരിയർ ആയതിനാൽ യാത്രക്കാർക്ക് 10 കിലോ ഹാൻഡ് ബാഗേജ് മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളു.
കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ, ക്വറ്റ എന്നിങ്ങനെ അഞ്ച് ആഭ്യന്തര സർവ്വീസുകളാണ് ഫ്ലൈ ജിന്ന നിലവിൽ നടത്തുന്നത്. ഫ്ലൈ ജിന്നയ്ക്ക് പുറമെ പാക്കിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ് (പിഐഎ), എയർബ്നു, ദുബായ് എമിറേറ്റ്സ്, എയർ അറേബ്യ, ഇത്തിഹാദ് എയർവേയ്സ് എന്നിവയും യുഎഇയ്ക്കും പാക്കിസ്ഥാനുമിടയിൽ നേരിട്ട് സർവീസ് നടത്തുന്നുണ്ട്.