സൗദിയിലെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവിസ് ആരംഭിച്ചു. റിയാദിൽ നിന്നെത്തിയ സൗദി എയർലൈൻസ് വിമാനമാണ് വിമാനത്താവളത്തിലെ പുതിയ റൺവേയിൽ ആദ്യ സർവീസ് നടത്തിയത്. ഇതോടെ സൗദി എയർലൈൻസിന്റെ വിമാന ഷെഡ്യൂളിലേക്ക് പുതിയൊരു ലക്ഷ്യസ്ഥാനം കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. അടുത്തിടെയാണ് സൗദി എയർലൈൻസും റെഡ് സീ വിമാനത്താവള ഓപറേറ്റിങ് കമ്പനിയും തമ്മിൽ റെഡ് സീ വിമാനത്താവളത്തിലേക്ക് വിമാന സർവിസുകൾ ആരംഭിക്കുന്നതിനുള്ള ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.
വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടു സർവിസുകളാണ് നിലവിൽ ഉണ്ടാകുക. അതേ ദിവസം തന്നെ റിയാദിലേക്ക് മടക്ക സർവീസും ഉണ്ടായിരിക്കും. റിയാദിൽനിന്ന് റെഡ് സീ വിമാനത്താവളത്തിലേക്കുള്ള യാത്രക്ക് രണ്ടു മണിക്കൂറിൽ താഴെയാണ് സമയമെടുക്കുക. വ്യാഴാഴ്ചത്തെ വിമാനം റിയാദിൽനിന്ന് രാവിലെ 10.50ന് പുറപ്പെട്ട് ഉച്ചക്ക് 1.35ന് മടങ്ങും. ശനിയാഴ്ചത്തെ വിമാനം ഉച്ചക്ക് 12.50ന് റിയാദിൽനിന്ന് പുറപ്പെടും.തുടർന്ന് അതേ ദിവസം 15.35ന് മടങ്ങും.
അതേസമയം അടുത്ത വർഷം മുതൽ റെഡ്സീ വിമാനത്താവളം അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനായുള്ള വിപുലീകരണ പ്രവർത്തനങ്ങൾ വിമാനത്താവളത്തിൽ നടന്നുവരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. പ്രദേശത്ത് കൂടുതൽ റിസോർട്ടുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സൗദിയുടെ വടക്കുപടിഞ്ഞാറ് ഉംലജ്, അൽവജ്ഹ് മേഖലകൾക്കിടയിൽ ചെങ്കടൽ തീരത്ത് നടപ്പാക്കിവരുന്ന ഭീമൻ ടൂറിസം വികസന പദ്ധതിക്ക് കീഴിലാണ് റെഡ് സീ വിമാനത്താവളത്തിന്റെ നിർമാണം.