ഇനി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സമയം ജീവനക്കാർക്ക് സ്വയം തിരഞ്ഞെടുക്കാം. ഫ്ലെക്സിബിൾ ജോലിസമയം നടപ്പാക്കാനൊരുങ്ങുകയാണ് കുവൈറ്റ് മുനിസിപ്പാലിറ്റി. ഇത് സംബന്ധമായ ഉത്തരവ് മുനിസിപ്പൽ കൗൺസിൽ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ ഒതൈബി പുറത്തിറക്കി. പുതിയ സമയക്രമം അനുസരിച്ച് രാവിലെ ഏഴ് മണി മുതൽ ഒമ്പത് മണി വരെ ജീവനക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാവുന്നതാണ്. പ്രതിദിനം ഏഴ് മണിക്കൂറായിരിക്കും ഇനി മുതൽ പ്രവൃത്തി സമയം. യോജിക്കുന്ന സമയം ജീവനക്കാർ സ്വയം തിരഞ്ഞെടുക്കുന്നതിനോടൊപ്പം 30 മിനിറ്റ് ഗ്രേസ് പിരീഡും അനുവദിക്കും.
പുതിയ നിയമം തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ കാരണമാവും. മാത്രമല്ല, നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുകയും ചെയ്യുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം തന്നെ അവരുടെ വകുപ്പുകളിലൂടെ തിരഞ്ഞെടുത്ത സമയത്തെക്കുറിച്ച് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിനെ ജീവനക്കാർ അറിയിക്കണമെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്ന രീതിയിലായിരിക്കും ഇനി കുവൈറ്റിലെ പ്രവൃത്തി ദിനങ്ങള്‍.