ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു. കാറും ശുചീകരണ ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ നാല് പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്.
ബഹ്റൈനിലെ ആലിയിൽ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് അപകടമുണ്ടായത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.