കുവെത്ത് മംഗഫിൽ മലയാളികളടക്കം 49 പ്രവാസികളുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായത് മലയാളിയും പ്രവാസി ബിസിനസുകാരനുമായ കെ.ജി.എബ്രഹാമിൻ്റെ കെട്ടിടത്തിലും കമ്പനിയിലും. ഇതോടെ കമ്പനിയേപ്പറ്റിയും കെ.ജി എബ്രഹാമിനെപ്പറ്റിയും കൂടുതൽ അന്വേഷിക്കുകയാണ് മലയാളികൾ.
38 വർഷമായി കുവൈറ്റിൽ ബിസനസുകാരനായ കെ. ജി എബ്രഹാമിന് നാലായിരം കോടിയുടെ ബിസിനസ് സാമ്രാജ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ, മാർക്കറ്റിംഗ്, വിദ്യാഭ്യാസ മേഖലകളിലാണ് എൻബിടിസി ഗ്രൂപ്പ് പ്രധാനമായും പ്രവർത്തിക്കുന്നത്. എണ്ണ, പെട്രോകെമിക്കൽ മേഖലകളിലും നിക്ഷേപമുണ്ട്. കുവൈറ്റിനു പുറമേ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും സാനിധ്യമറിച്ചിട്ടുണ്ട് എൻബിടിസി ഗ്രൂപ്പ്. കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കെജിഎ ഗ്രൂപ്പിൻ്റെ ഭാഗമാണ് എൻബിടിസിയും.
തിരുവല്ല നിരണം സ്വദേശിയായ കെ.ജി എബ്രഹാമിൻ്റേതാണ് കെജിഎ ഗ്രൂപ്പ്. 1977ലാണ് ഗ്രൂപ്പ് സ്ഥാപിതമായത്. 22-ആം വയസ്സിൽ കുവൈത്തിലെത്തിയ കെ.ജി എബ്രഹാം ഗ്രൂപ്പ് സ്ഥാപിച്ചതോടെ വളർന്നു പന്തലിക്കുകയായിരുന്നു. സിവിൽ എൻജിനിയറിംഗിലെ ഡിപ്‌ളോമയായിരുന്ന കൈമുതലെങ്കിലും ഇന്ന് നിരവധി മേഖലകളിൽ കമ്പനി സാനിധ്യമറിയിക്കുന്നുണ്ട്. ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുളളതാണ് കൊച്ചിയിലെ ക്രൌൺ പ്ളാസയും.
പ്രളയദുരിത കാലത്ത് കേരളത്തിന് സംഭാവനകൾ നൽകിയും സേവനങ്ങളെത്തിച്ചും ഗ്രൂപ്പ് ജനശ്രദ്ധ നേടിയിരുന്നു. അടച്ചിടുന്ന വീടുകൾക്ക് നികുതി ചുമത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ രംഗത്തെത്തിയതും കെ.ജി എബ്രഹാമിനെ ശ്രദ്ധേയനാക്കി. ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നായിരുന്നു പ്രതികരണം. പൃഥ്വിരാജ് നായകനായ ആട് ജീവിതം സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് കെ.ജി എബ്രഹാം.
തൊഴിലാളികളെ എപ്പോഴും ചേർത്തുനിർത്തുന്ന വ്യക്തികൂടിയാണ് കെ.ജി എബ്രഹാം. എന്നാൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ എൻബിടിസി കമ്പനിക്കും ഉടമക്കുമെതിരേ കുവൈത്ത് കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. തീപിടിത്തം അന്വേഷിക്കുന്നതിന് പുറമേ കുവൈത്തിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും ഉടൻ പൊളിച്ചു കളയാനാണ് ഭരണാധികാരികളുടെ നിർദേശം.