സൗദി അറേബ്യയിലേയ്ക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കും. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇതോടെ സൗദിയിലേയ്ക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിനായി ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം.
2022 മെയ് 29 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് കോൺസുലേറ്റ് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ വിസ സർവീസിങ് നടപടികളുടെ പുറം കരാറെടുത്ത ഏജൻസിയായ വി.എഫ്.എസിന്റെ ശാഖകളുടെ കുറവും നിയമം പെട്ടെന്ന് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ച് ട്രാവൽ ഏജൻസികൾ കോൺസുലേറ്റിനെ സമീപിക്കുകയും ചെയ്തിരുന്നു. തുടർന്ന് നിയമം പ്രാബല്യത്തിൽ വരുന്നത് താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. കേരളത്തിൽ കൊച്ചിയിലും കോഴിക്കോടും മാത്രമാണ് വി.എഫ്.എസ് ശാഖകളുള്ളത്.
പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം സൗദിയിലേയ്ക്കുള്ള വിസിറ്റ്, ടൂറിസ്റ്റ് വിസകൾക്ക് ഈ നിയമം നിർബന്ധമാക്കിയിരുന്നു. ഇതാണ് തൊഴിൽ വിസകൾക്ക് കൂടി ബാധകമാക്കിയിരിക്കുന്നത്. ഇതോടെ ഉംറ വിസ ഒഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകൾക്കും വിരലടയാളം നിർബന്ധമാകും.