മസ്കത്തിലെ കെട്ടിടങ്ങളിലെയും ഫ്ളാറ്റുകളിലെയും ബാൽക്കണികളിൽ തുണികൾ ഉണക്കാനിടുന്നവർക്ക് മുന്നറിയിപ്പുമായി നഗരസഭ. നിയമ ലംഘകർക്കെതിരെ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നർക്ക് 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയും 24 മണിക്കൂർ മുതൽ ആറ് മാസം വരെ തടവുമാണ് ശിക്ഷയായി ലഭിക്കുക. അതേസമയം, മറയുള്ള ബാൽക്കണികളിൽ വസ്ത്രം ഉണക്കാൻ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.
നഗരത്തിൻ്റെ ഭംഗിക്ക് കോട്ടം സംഭവിക്കുമെന്നതാണ് പ്രധാന കാരണം. അതോടൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തിൽ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നത് പൊതുജനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്നതും കണക്കിലെടുത്താണ് നടപടി.