വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക ഗവണ്മെന്റ്. കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഖ്നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്. പതിനഞ്ച് ലക്ഷം രൂപയുടെ സഹായമാണ് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര പ്രഖ്യാപിച്ചത്. ഞായറാഴ്ച അജീഷിന്റെ കുടുംബത്തെ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതിനുശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാഹുൽ ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.
നിലവിൽ കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിനും ഗവണ്മെന്റ് നൽകുക. മാത്രമല്ല, അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വർ ഖന്ദ്ര പറഞ്ഞു.
കഴിഞ്ഞ 10ആം തിയതിയാണ് ബേലൂർ മഖ്ന പനച്ചിയിൽ വച്ച് അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. വീടിന്റെ മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. ഈ ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം ഇന്നും പരാജയപ്പെട്ടു. ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങിയതാണ് പിടികൂടാനുള്ള ദൗത്യത്തിന് തിരിച്ചടിയായത്.