ഒമാനെക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയ സ്ഥലമാണ് കേരളമെന്ന് പുറത്തുവന്ന റിപ്പോർട്ട് ധനമന്ത്രി എടുത്തുപറഞ്ഞിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, കേരളമത്ര ദരിദ്ര സംസ്ഥാനമല്ലെന്ന് സ്ഥാപിക്കൽ തന്നെയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഓണക്കാലത്ത് ചെലവ് അൽപം കൂടിയെങ്കിലും നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് സംസ്ഥാനത്തെ ഖജനാവ് കൈകാര്യം ചെയ്യുന്ന ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ പ്രതികരണം. എന്തിനാണ് ഇതൊക്കെ പറയുന്നതെന്ന് വെച്ചാൽ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോകുന്നത് സംബന്ധിച്ച് ചർച്ചകൾ ഉയരുന്നതിനാൽ മാധ്യമപ്രവർത്തകർ ചോദ്യവും ചോദിച്ചുതുടങ്ങി.
ഓണത്തിന് ചെലവ് കൂടിയത് കൊണ്ട് ഖജനാവ് അപകടത്തിലായിട്ടില്ലെന്ന് ധനമന്ത്രി ഉറപ്പിച്ചുപറയുന്നു. കൂടാതെ കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്തിരിക്കുകയാണ്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും നികുതി വിഹിതം നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്നാണ് കുറ്റപ്പെടുത്തൽ.
ഒപ്പം സംസ്ഥാന സർക്കാരിൻ്റെ ഉദ്ദേശശുദ്ധിയെ പ്രശംസിക്കാനും മറന്നില്ല ധനമന്ത്രി. കർഷകരെ വിദേശത്ത് കൊണ്ടുപോകാൻ പണം നീക്കിവെച്ച സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരെന്ന് കെ എൻ ബാലഗോപാൽ ഓർമപ്പെടുത്തുന്നു. ലോക മാതൃകകൾ കണ്ടുപഠിക്കേണ്ടതുണ്ടെന്നും വിദേശ യാത്രകൾ അനിവാര്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വലിയ തുക ചെലവാക്കിയുള്ള യാത്രയല്ല മുഖ്യമന്ത്രി നടത്തുന്നത്. കേരളത്തിലെ ആളുകള്‍ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ലെന്നും 1500കള്‍ മുതല്‍ കേരളത്തിന് പ്രവാസ ബന്ധമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.