ജിദ്ദ-മക്ക ഡയറക്ട് റോഡിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി (ആർജിഎ). പദ്ധതിയുടെ 70 ശതമാനത്തിലധികം പൂർത്തിയായതായും അതോറിറ്റി ചൂണ്ടിക്കാട്ടി. ഹജ്ജ്, ഉംറ മേഖലയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനായി ജിദ്ദ-മക്ക ഡയറക്ട് റോഡിന്റെ ജോലികൾ തുടരുകയാണെന്ന് ആർജിഎ എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ വ്യക്തമാക്കി.
ജിദ്ദ-മക്ക ഡയറക്‌ട് റോഡ് യാഥാർത്ഥ്യമാകുന്നതോടെ ശരാശരി യാത്രാ സമയം 35 മിനിറ്റായി കുറയ്ക്കുകയും ചെയ്യുന്നു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തെ മക്കയുമായി ബന്ധിപ്പിക്കുന്നതിന് പുറമെ, ഉംറ നിർവഹണത്തിനും ഹജ്ജ് തീർഥാടകർക്കും ഗതാഗതം സുഗമമാക്കാനും, പ്രത്യേകിച്ച് അൽ-ഹറമൈൻ റോഡിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.
ജിദ്ദ-മക്ക ഡയറക്ട് റോഡിന്റെ നീളം 73 കിലോമീറ്ററാണ്, എല്ലാ ദിശകളിലേക്കും 4 പാതകളാണുള്ളത്. 7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ആദ്യഘട്ടത്തിൽ 92% പൂർത്തിയായതായി ഇൻഫോഗ്രാഫിക്കിൽ അതോറിറ്റി വിശദീകരിച്ചു; രണ്ടാം ഘട്ടത്തിൽ 93%, 19 കി.മീ. മൂന്നാം ഘട്ടത്തിൽ 100%, 27 കി.മീ. നാലാമത്തെയും അവസാനത്തെയും ഘട്ടമായ 20 കിലോമീറ്റർ റോഡ് പണി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ആർജിഎ ചൂണ്ടിക്കാട്ടി.