ഉരുൾപ്പൊട്ടലിനേത്തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങാകാൻ സിനിമാ താരങ്ങൾ. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നടൻ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും കൈമാറി. അതോടൊപ്പം തമിഴ് നടൻ സൂര്യയും കാർത്തിയും നടി ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരങ്ങൾ പണം കൈമാറിയത്.
കേരളത്തിന് സഹായഹസ്തവുമായി നടി രശ്മിക മന്ദാനയുമെത്തി. അടിയന്തര സഹായമായി 10 ലക്ഷം രൂപയാണ് നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇതോടൊപ്പം നിരവധി സിനിമാ താരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുമനസുകളും വയനാടിനായി കൈകോർക്കുകയാണ്.
മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും വ്യവസായി സി.പി സാലിഹിന്റെ സി.പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെടും. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആന്റ ഷെയറും സിപി ട്രസ്റ്റും എത്തുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമൻ, വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവർ അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം നടൻ വിക്രം 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.