കേരളത്തിൽ ഫുട്ബോൾ ലോകകപ്പ് ആവേശം ലോകം മുഴുവൻ എത്തി. രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായ പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച വൈറൽ കട്ടൗട്ടുകൾ ഒടുവിൽ ഫിഫയുടെ അംഗീകാരം നേടിയിരിക്കുന്നു. കട്ടൗട്ടിൻ്റെ ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ്.
ഫിഫ ലോകകപ്പ് ചൂടിൽ കേരളം എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ ടൂർണമെൻ്റിന് മുന്നോടിയായി ഒരു പുഴയിൽ ഉയർത്തിയപ്പോൾ എന്നും കുറിപ്പിലുണ്ട്.
#FIFAWorldCup fever has hit Kerala 🇮🇳
Giant cutouts of Neymar, Cristiano Ronaldo and Lionel Messi popped up on a local river ahead of the tournament.
12 days to go until #Qatar2022 🏆 pic.twitter.com/29yEKQvln5
— FIFA.com (@FIFAcom) November 8, 2022
കഴിഞ്ഞയാഴ്ചയാണ് മെസ്സിയുടെ 30 അടി വലിപ്പമുള്ള ഭീമന് കട്ടൗട്ട് ആരാധകർ പുഴയിൽ സ്ഥാപിച്ചത്. രാജ്യാന്തര സ്പോർട് മാധ്യമങ്ങളിൽ വരെ ഇതു വാർത്തയായി. ഇതിനു മറുപടിയായി ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ 40 അടി വലിപ്പമുള്ള കട്ടൗട്ട് പുള്ളാവൂരിൽ പുഴയിൽ സ്ഥാപിച്ചു. ഇതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും പുഴയിൽ സ്ഥാപിച്ചു.
ഇതിനിടെ, പുള്ളാവൂർ പുഴയിലെ മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ നീക്കാൻ ചാത്തമംഗലം പഞ്ചായത്ത് നിർദേശം നൽകിയെന്ന് വാർത്ത വന്നിരുന്നു. എന്നാൽ പുഴയും പുഴയോരവും കൊടുവള്ളി നഗരസഭയുടെ കീഴിലെന്ന വിശദീകരണമാണ് നഗരസഭാ ചെയർമാൻ നൽകിയത്. ഇതുവരെ കട്ടൗട്ടുകൾ നീക്കാൻ നിർദേശം വന്നിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഫിഫയ്ക്ക് ചിത്രം പങ്കുവച്ചതിന് നന്ദിയറിച്ചു. കേരളത്തിൻ്റെ ഫുട്ബോൾ സ്നേഹം അംഗീകരിച്ചതിന് നന്ദിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.