ഖത്തറിൽ പണമിടപാട് ഇനി അതിവേഗം. ‘ഫൗറൻ’ സേവനം പ്രവർത്തന സജ്ജമായെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ബാക്ക് അക്കൗണ്ട് നമ്പറിനു പകരം, മൊബൈൽ നമ്പർ ഉപയോഗപ്പെടുത്തി പണമിടപാട് പൂർത്തിയാക്കാൻ സാധിക്കുന്ന ‘ഫൗറൻ’ രജിസ്റ്റർ ചെയ്ത് ബാങ്ക് അക്കൗണ്ട് വഴി ഉപയോഗിക്കാവുന്ന സംവിധാനമാണ്.
ആവശ്യമായ വിവരങ്ങള്‍ നല്കി ലോഗിന്‍ ചെയ്താൽ സേവനം ഉപയോഗിക്കാം. പണം അയക്കേണ്ടയാളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്കിയാല് മാത്രം മതിയാകും. മാത്രമല്ല, വിവരങ്ങള്‍ കൃത്യമാണെന്ന് അറിയാന്‍ ഇലക്ട്രോണിക് വെരിഫിക്കേഷനും ഇതിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ പണം അയക്കുന്ന ആളും സ്വീകരിക്കുന്നയാളും ‘ഫൗറൻ’ സേവനത്തിനായി രജിസ്റ്റർ ചെയ്തിരിക്കേണ്ടത് നിര്‍ബന്ധമാണ്.
ആദ്യഘട്ടത്തില്‍ ഒരാള്‍ക്ക് പ്രതിദിനം ഒരു ഇടപാട് മാത്രമെ നടത്താൻ കഴിയുള്ളു. 50,000 ഖത്തര്‍ റിയാലാണ് പരിധി. 24 മണിക്കൂറും ഫൗറൻ വഴി പണമിടപാട് നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഖത്തറിന്റെ മൂന്നാം ഘട്ട സാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് സെന്‍ട്രല്‍ ബാങ്ക് പണമിടപാടുകളുടെ ഡിജിറ്റലൈസേഷന് വേഗത്തിലാക്കുന്നതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.