യുഎയിലുണ്ടായ മഴ ദിവസങ്ങൾക്ക് താത്കാലിക ശമനം. തിങ്കഴാഴ്ച മുതല്‍ ആരംഭിച്ച മഴയാണ് വിട്ടൊഴിഞ്ഞത്. ഇതിനിടെ റാസല്‍ഖൈമ ഉൾപ്പടെ മലയോര മേഖലയിലുണ്ടായ മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മഴവെളളം നിറഞ്ഞ കുഴിയില്‍ വീണ അച്ഛനും മകനുമാണ് മുങ്ങിമരിച്ചുവെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് വാദി ഷെഹയിലാണ് അപകടം നടന്നത്. വിവരമറിഞ്ഞെത്തിയ രക്ഷാസംഘം ഇരുവരേയും വെളളക്കെട്ടിന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മരിച്ചവരുടെ മൃതദേഹങ്ങൾ എമിറേറ്റിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെയും റാസൽഖൈമയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഒരു ദിവസം 4 മില്ലിമീറ്റർ മഴ പെയ്തതിനാൽ മലനിരകളിൽ വെള്ളച്ചാട്ടങ്ങളും അരുവികളും രൂപപ്പെടുകയും വാടികൾ കവിഞ്ഞൊഴുകുകയും ചെയ്തു.
കനത്ത മഴയെ തുടര്‍ന്ന് ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ എണ്ണൂറിലധികം ആളുകളെ അപകട മേഖലയില്‍നിന്ന് രക്ഷപെടുത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളെ താത്കാലിക താമസ കേന്ദ്രങ്ങളിലേക്കും മാറ്റിയിരുന്നു. കാലാവസ്ഥ വ്യാപകമായ നാശം വിതച്ച പ്രദേശങ്ങളില്‍ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയും വെളളപ്പൊക്കവും രേഖപ്പെടുത്തിയ ജൂലൈയിൽ ഏഴ് പേരാണ് യുഎഇയില്‍ മരിച്ചത്.