യുഎഇയിൽ നിന്നും ഒരുമിച്ച് പൈലറ്റ് കോഴ്സ് പൂർത്തിയാക്കി ഒരു അച്ഛനും മകനും. 45കാരനായ പാകിസ്താൻ പ്രവാസി സുലൈമാൻ മഹ്മൂദും 17കാരനായ മകൻ ഹാഷിർ സുലൈമാനും ഒരുമിച്ചാണ് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയത്. ഫുജൈറ ഫ്ലൈയിങ് അക്കാദമിയിൽ നിന്നാണ് ഇരുവരും കോഴ്സ് പൂർത്തിയാക്കിയത്.
ആറുമാസമായിരുന്നു ഇരുവരുടെയും പഠനകാലാവധി. ഓസ്ട്രേലിയയിലെ ഫ്ലൈയിങ് സ്കൂളിൽ പഠിക്കാനായിരുന്നു ഇരുവരും ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ബിസിനസ് തിരക്കുകളാൽ അബുദാബിയിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കാതെ വന്നതോടെയാണ് യുഎഇയിലെ ഏവിയേഷൻ സ്കൂളിൽ ചേരാൻ സുലൈമാൻ തീരുമാനിച്ചത്. പിന്നീട് മകനെയും ഒപ്പം കൂട്ടുകയായിരുന്നു.
സ്വന്തമായൊരു വിമാനം വാങ്ങുകയെന്ന ആഗ്രഹവുമായാണ് സുലൈമാൻ ഇപ്പോൾ മുന്നോട്ടുപോകുന്നത്. അബുദാബിയിൽ സ്മാർട്ട് ആക്സസ് ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിവരുന്ന സുലൈമാൻ ജനിച്ചുവളർന്നത് അബുദാബിയിലാണ്. മകൻ ഹാഷിറിനേക്കാൾ അഞ്ചുദിവസം മുമ്പ് സുലൈമാൻ പഠനം പൂർത്തിയാക്കിയിരുന്നു. ഒറ്റ എൻജിനുള്ള വിമാനം യാത്രക്കാരെ സഹിതം പറത്താനാണ് പ്രൈവറ്റ് ലൈസൻസ് ഉള്ളവർക്ക് അനുമതിയുള്ളത്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയാൽ മാത്രമേ ഇവർക്ക് പൈലറ്റുമാരായി ജോലി ചെയ്യാൻ സാധിക്കുകയുള്ളു.