പത്തനംതിട്ടയുടെ മനോഹാരിത കുടികൊളളുന്ന ഗ്രാമങ്ങളിലൊന്നായ ഇലന്തൂരിന്‍റെ പ്രശസ്തി നരബലി വാര്‍ത്തകളോടെ കുപ്രസിദ്ധമായത് ഒരുദിനം കൊണ്ടാണ്. പമ്പയാറും അച്ഛന്‍കോവിലാറും അതിര്‍ത്തികളിലൂടെ വട്ടമിടുന്ന കാര്‍ഷിക ഗ്രാമത്തിലെ സാധാരണ ജനങ്ങൾ ആഭിചാര കൊലപാതകം നടന്നതിന്‍റെ അമ്പരപ്പിലാണ്.
ഗ്രാമസൗന്ദര്യം ഉൾക്കൊളളുമെങ്കിലും പത്തനംതിട്ട , കോഴഞ്ചേരി, തിരുവല്ല പട്ടണങ്ങളുടെ സാമിപ്യവും നഗരവത്കരണവും കുടിയേറുന്നതാണ് ഇലന്തൂരിലെ വര്‍ത്തമാനകാല ജീവിതശൈലി. വിദ്യാസമ്പന്നരായ യുവാക്കളും പ്രവാസികളും ഉൾപ്പടെ ജനസഞ്ചയത്തിലും ജില്ലയില്‍ മുമ്പിലാണ് ഇലന്തൂര്‍.
പണ്ടുകാലം മുതല്‍ കേരള സംസ്കാരത്തിലും ചരിത്രത്തിലും ഇലന്തൂര്‍ എന്ന ഗ്രാമത്തെ പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. പന്തളം രാജകുടുംബത്തിന്‍റെ ഭരണ മേഖലകളിലൊന്നായ ഇലന്തൂര്‍ ഇല്ലങ്ങളുടെ ഊരെന്ന നിലയിലാണ് പ്രശസ്തമായത്. പഴയ കാനന യാത്രകളില്‍ ഇലന്തൂര്‍ യാത്രികരുടേയും താമസക്കാരുടേയും സംഗമ ഭൂമിയായിരുന്നു എന്നതിന്‍റെ തെളിവുകൾ ഇപ്പോഴുമുണ്ട്.
കടമ്മനിട്ട കഴിഞ്ഞാല്‍ പടയണി കലാരൂപത്തിന് പേരുകേട്ട ഇടമാണ് ഇലന്തൂര്‍. ചെന്നീർക്കര സ്വരൂപവും, പന്തളവും, ആറൻമുളയും ചുറ്റും നിൽക്കുന്ന ഇലന്തൂരിന് സവിശേഷതകൾ അനവധിയുണ്ട്. ഇലന്തൂരിന് സമീപം പരിയാരത്ത് സ്ഥിതിചെയ്യുന്ന ആയുർവേദത്തിന്റെ ദൈവവും വിഷ്‌ണു അവതാരവുമായ ധന്വന്തരിയുടെ ക്ഷേത്രവും പ്രശസ്തമാണ്. ഇലന്തൂരിലെ അയല്‍ ഗ്രാമമായ ഇടപ്പാറയിലാണ് കായംകുളം കൊച്ചുണ്ണിയുടെ പേരിലുളള മറ്റൊരു ആരാധനാ കേന്ദ്രം. ക്ഷേത്രങ്ങളും കാവുകളും നിറഞ്ഞ പ്രദേശമാണെങ്കിലും മതമൈത്രി സൂക്ഷിക്കുന്ന നാടെന്ന അഭിമാനം ഓരോ ഇലന്തൂരുകാരനുമുണ്ട്.
വിദ്യാസമ്പന്നരും പുരോഗമന ചിന്താഗതിക്കാരുമാണ് ഇലന്തൂര്‍ നിവാസികൾ എന്നതിന് തെളിവാണ് ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ ഗ്രാമം എന്ന പ്രശസ്തി. ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള സന്ദര്‍ശനത്തിനിടെയാണ് ആ ചരിത്ര ദിനം. 1937 ജനുവരി 20നാണ് ഗാന്ധിജി ഇലന്തൂര്‍ സന്ദര്‍ശിച്ചത്. മഹാത്മജിയുടെ ഇംഗ്ലീഷ് പ്രസംഗങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്ന വാഗ്മിയും സാമൂഹ്യപരിഷ്കർത്താവും എഴുത്തുകാരനും പ്രദേശവാസിയുമായ കെ കുമാർജിയുടെ ക്ഷണപ്രകാരമാണ് ഗാന്ധിജി ഇലന്തൂരിലെത്തുന്നത്.
മധ്യതിരുവിതാംകൂറിൽ ഖാദി പ്രസ്ഥാനത്തിന്റെ തുടക്കം ഇലന്തൂരില്‍ നിന്നാണ്. വെളളക്കാര്‍ക്കെതിരായ ഗാന്ധിജിയുടെ ഖാദിവത്കരണ സന്ദേശത്തില്‍ ആകൃഷ്ടനായ ഖദർദാസ് ഗോപാലപിള്ള 1941 ഒക്ടോബർ രണ്ടിന് ഇലന്തൂരിൽ തുണ്ടുപറമ്പിൽ പുരയിടത്തിൽ ‘മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ചതായാണ് ചരിത്രം. അന്ന് രൂപീകരിച്ച ഗ്രാമസേവാ ചർക്കാ സംഘമാണ് ഇന്നത്തെ ഖാദി ജില്ലാ ഓഫിസായി ഇലന്തൂരിനെ തിലകമണിയിക്കുന്നുണ്ട്. പതിറ്റാണ്ടുകൾ റബ്ബര്‍ കര്‍ഷകരുടെ ആശ്രമയായ റബ്ബര്‍ സൊസൈറ്റിയും ഇലന്തൂരിനെ അടയാളപ്പെടുത്തുന്നതാണ്.
ആരോഗ്യപരിപാലന രംഗത്ത് കേരളസര്‍ക്കാറിന് അഭിമാനമായ സർക്കാർ നഴ്സിംഗ് കോളേജും മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ അംഗീകാരമുള്ള അദ്ധ്യാപക പരിശീലന കേന്ദ്രവും ഇലന്തൂരെന്ന കൊച്ചുഗ്രാമത്തെ വിദ്യാകേരളത്തിന്റെ ഭാഗമാക്കുന്നുണ്ട്. മലയാള ചലച്ചിത്ര നടനായ മോഹൻ ലാലിന്‍റേയും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍റേയും ജന്‍മദേശമെന്ന നിലയിലും ഇലന്തൂർ പ്രശസ്തമാണ്. പ്രശസ്തികൾ ഏറെയുണ്ടെങ്കിലും ഇരട്ടക്കൊലപാതകം ഇലന്തൂരിനെ മുറിവേല്‍പ്പിച്ചതിന്‍റെ വേദന ഗ്രാമത്തില്‍ പ്രകടമാണ്