അപൂർവ്വ രോഗം ബാധിച്ച കുട്ടികളുടെ കുടുംബം ദയാവധത്തിനു കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോട്ടയം ജില്ലയിലെ കൊഴുവനാൽ സ്വദേശികളായ മനു – സ്മിത ദമ്പതികളാണ് ദയാവധത്തിനായി കോടതിയെ സമീപിക്കുന്നത്.
മനു – സ്മിത ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ട് കുട്ടികൾക്ക് കണ്‍ജെനിറ്റല്‍ അഡ്രിനല്‍ ഹൈപ്പര്‍പ്ലാസിയയുടെ ഗുരുതര രൂപമായ സോള്‍ട്ട് വേസ്റ്റിങ് കണ്‍ജെനിറ്റല്‍ അഡ്രിനല്‍ ഹൈപ്പര്‍പ്ലാസിയ എന്ന അപൂര്‍വ രോഗമാണുള്ളത്. ഇതിനൊപ്പം മൂത്ത മകന് സിവിയര്‍ ഓട്ടിസവുമുണ്ട്. ഇവരുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായി വളരെയധികം ബുദ്ധിമുട്ടുകയാണ് കുടുംബം.
കുട്ടികളുടെ ചികിത്സക്കായി സർക്കാർ സഹായവും ലഭിക്കുന്നില്ല. ഡല്‍ഹിയില്‍ നഴ്‌സായിരുന്നു മനുവും സ്മിതയും. നാട്ടിലെത്തി മകന്‍ ജനിച്ചശേഷം ഇരുവര്‍ക്കും ജോലി പൂര്‍ണമായി ഉപേക്ഷിക്കേണ്ടിവന്നു. സ്മിതയ്ക്ക് ജോലി നൽകുവാൻ 2022 നവംബർ 11 ന് കൊഴുവനാൽ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു, എന്നാൽ പഞ്ചായത്തു സമിതിയുടെ റിപ്പോർട്ട് സർക്കാരിനെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറാകുന്നില്ല, ഇത് കാരണം സ്മിതയ്ക്കു ജോലി ലഭിക്കുന്നതിനു തടസ്സമായി.
പിന്നീട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനു ശേഷമാണ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ജോലി നൽകുന്ന കാര്യം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നത്.