കുവൈറ്റ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രണ്ട് പുതിയ മന്ത്രിമാരെ നിയമിച്ചു. ഫഹദ് അൽ ജറല്ലയെ ധനമന്ത്രിയായും ഡോ. ആദിൽ അൽമാനിയയെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയായുമാണ് നിയമിച്ചത്. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഞായറാഴ്ച ബയാൻ പാലസിൽ കിരീടാവകാശിയുടെയും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം നടന്നത്.
അതേസമയം പുതിയ മന്ത്രിമാരോട് രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പ്രയത്നിക്കണമെന്ന് ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പുതിയ മന്ത്രിമാരെ ഉപദേശിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് എന്നിവരും പങ്കെടുത്തു.
ജൂലൈയിൽ മനാഫ് അബ്ദുൽ അസീസ് അൽ ഹജ് രി രാജിവച്ചിരുന്നു. ഇതിനെ തുടർന്നാണ് ധനമന്ത്രിയായി ഫഹദ് അൽ ജറല്ല നിയമിതനായത്. മൂന്നുമാസം മാത്രമാണ് മനാഫ് അബ്ദുൽ അസീസ് അൽ ഹജ് രി ധനമന്ത്രിയായിരുന്നത്. ഇന്ധനകാര്യ മന്ത്രി സാദ് അൽ ബാരക് ആണ് ആക്ടിങ് ധനമന്ത്രിയായി പ്രവർത്തിച്ചിരുന്നത്. ധനമന്ത്രാലയത്തിൽ അസി. അണ്ടർ സെക്രട്ടറിയായി ആഗസ്റ്റിൽ നിയമിതനായ ഫഹദ് അൽ ജറല്ല, പ്രമുഖ വ്യവസായി കൂടിയാണ്. കൂടാതെ കമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്ത്, നൂർ ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് കമ്പനി ബോർഡുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.