കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശം ആയിരുന്നു. ‘കലാകാരന്മാരെ ഇഷ്ടമാണ് പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു’ എന്നാണ് സന്നിധാനന്ദിന്റെ കുടുംബ ചിത്രം പങ്കുവെച്ച് യുവതിയുടെ പോസ്റ്റ്. ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് സന്നിധാനന്ദന്റെ കുടുംബ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്. മുടി നീട്ടി വളർത്തിയതിന് ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിരുന്നു.
ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാർ എന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്. വളരെ വേഗമാണ് ഈ പരാമർശം സോഷ്യൽമീഡിയയുടെ ശ്രദ്ധനേടിയത്. പിന്നാലെ ഉഷാ കുമാറിയെന്ന പ്രൊഫൈലിന് നേരെ വ്യാപക വിമർശനവും ഉയർന്നിരുന്നു.
പിന്നാലെ ഉഷാ കുമാരി ക്ഷമ ചോദിച്ച് രംഗത്തെത്തി. ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്നാണ് ഫേസ്ബുക്കിൽ കമെന്റ് ചെയ്തത്. പോസ്റ്റ് വൈറലായതോടെ ഉഷാ കുമാരി പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ അതേസമയം സോഷ്യൽ മീഡിയയിലെ അധിക്ഷേപ പരമാർശം വേദനിപ്പിച്ചെന്ന് ഗായകൻ സന്നിധാനന്ദൻ പ്രതികരിച്ചിരുന്നു.