ചൂടേറുന്ന കാലാവസ്ഥ കണ്ണുകളെ ദോഷകരമായി ബാധിക്കുമോ ? കണ്ണുകൾ സംരക്ഷിക്കേണ്ടത് എങ്ങനെ? സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട വസ്തുകകളാണ് ഡോക്ടർമാർ പറയുന്നത്.
വിറ്റാമിൻ ഡിയുടെ പ്രാഥമികവും മികച്ചതുമായ ഉറവിടമെന്ന നിലയിൽ ഇളം സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കേണ്ടത് അത്യാവശ്യമാണെങ്കിലും വേനൽക്കാലത്ത് മുൻകരുതൽ നടപടികൾ പാലിച്ചില്ലെങ്കിൽ കണ്ണിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും.
ചൂടേറിയ സമയത്ത് ദീർഘനേരം കണ്ണിലേക്ക് വെയിൽ പതിച്ചാൽ കോർണിയയെ സാരമായി ബാധിക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളാണ് അപകടകാരി. കണ്ണിലേൽക്കുന്ന സൂര്യതാപം വേദനമുതൽ, താത്കാലിക കാഴ്ച നഷ്ടത്തിന് വരെ കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു.
കണ്ണിലെ ജലാംശം വറ്റുന്നതും അപകടകരമാണ്. ഈ ഘട്ടത്തിൽ കണ്ണുകളിൽ അണുബാധ ഏൽക്കാനുളള സാധ്യതകളും കൂടൂതലുണ്ട്. ക്ലോറിൻ അടങ്ങിയ വെള്ളവും കടൽ വെള്ളവും കണ്ണുകളെ പ്രതികൂലമായി ബാധിക്കാം.
വേനൽക്കാലത്തെ സൺഗ്ലാസ് ഉപയോഗം അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതാണ്. കടുത്ത സൂര്യപ്രകാശത്തിൽ കണ്ണുകളുടെ ആയാസം കുറയ്ക്കാനും സൺഗ്ലാസ് സഹായിക്കും. കോണ്ടാക്ട് ലെൻസുകളുടെ ഉപയോഗവും സൂക്ഷിക്കേണ്ടതുണ്ടെന്ന് നേത്രവിദഗദ്ധർ സൂചിപ്പിക്കുന്നു.
അതേസമയം കണ്ണിനോ കാഴ്ചക്കോ പ്രശ്നം നേരിടുന്നവർ ഒഫ്താൽമോളജിസ്റ്റുകളുടെ സഹായം തേടേണ്ടത് അനിവാര്യമാണ്.