ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകി.
ഹർജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ആക്ഷേപങ്ങൾ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി നിർദ്ദേശിക്കുകയായിരുന്നു. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം നൽകിയത്.
വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണൻ ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. നാല് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തുവെന്ന് ഹർജിക്കാരൻ അറിയിച്ചു. ഇത് സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടുമുണ്ട്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടർ കെ. ഇൻബാശേഖറിനു പരാതി നൽകിയത്.