ദോഹ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സ്പോയിൽ ഖത്തറിന്റെ കാർഷിക മികവ് വെളിപ്പെടുത്തുന്ന പ്രാദേശിക ഫാമുകളും ഉണ്ടാവുമെന്ന് എക്സ്പോ അധികൃതർ അറിയിച്ചു. കൃഷിയുടെ നൂതന രീതികളും പുതുമയേറിയ പരിസ്ഥിതി ചിന്തകളും മറ്റ് പദ്ധതികളുമാണ്എക്സ്പോയുടെ പ്രധാന ആകർഷണം. മരുഭൂമിയുടെ മണ്ണിലെ കനത്ത ചൂടിലും കടുത്ത തണുപ്പിലും ഒരിക്കലും വിജയമാവില്ല എന്ന് കരുതിയിരുന്ന കാർഷിക രീതികളും വെല്ലുവിളികളെ അതിജീവിക്കുന്ന നൂതന സാങ്കേതികവിദ്യകളും അവതരിപ്പിച്ചുകൊണ്ടാവും ഖത്തറിലെ പ്രാദേശിക ഫാം ഉടമകളെത്തുന്നത് എന്ന് അധികൃതർ അറിയിച്ചു.
പരമ്പരാഗതവും നൂതനവുമായ കൃഷിരീതികൾ ഉപയോഗിച്ച് സുസ്ഥിര വികസനം കൈവരിക്കുന്നതിന് വേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് എക്സ്പോ 2023 എന്ന് ഫാം ഉടമകൾ പറഞ്ഞു. കൂടാതെ മരുഭൂവത്കരണത്തെ പ്രതിരോധിക്കുന്നതിനും പ്രാദേശിക ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ഖത്തരി ഫാമുകൾക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ ഗ്രീൻ ഹൗസുകൾ, ശീതീകൃത ഗ്രീൻ ഹൗസുകൾ, ഓപൺ ഫീൽഡ് കൃഷി,ഹൈഡ്രോപോണിക്സ് എന്നിവ ഉൾപ്പെടുന്നതായും ഫാം ഉടമകൾ വ്യക്തമാക്കി.
അതേസമയം മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വെല്ലുവിളികൾ നിറഞ്ഞ പരിസ്ഥിതിയിൽ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരങ്ങൾ എക്സ്പോയിൽ പ്രതീക്ഷിക്കുന്നതായും അൽ ഹെൻസാബ് പറഞ്ഞു. മാത്രമല്ല രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഖത്തരി ഫാമുകൾ മികച്ച വിജയം നേടിയിട്ടുണ്ട്. കൂടാതെ ഗണ്യമായ അളവിൽ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിച്ചതായും ഫാം ഉടമയായ നാസർ അൽ ഖലഫ് അറിയിച്ചു.