സൗദിയിലെ പ്രവാസികൾക്ക് ഗാർഹിക തൊഴിലാളികളായി സ്വന്തം രാജ്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്ക്. പകരം സ്വന്തം രാജ്യക്കാരല്ലാത്തവരെ പ്രവാസികൾക്ക് റിക്രൂട്ട് ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന് കീഴിലെ മുസാനെദ് പോർട്ടൽ വഴിയാണ് ഗാർഹിക തൊഴിലാളി വിസക്ക് അപേക്ഷിക്കേണ്ടത്. സ്വന്തം രാജ്യക്കാരായ ഗാർഹിക തൊഴിലാളി വിസ അപേക്ഷകൾ മുസാനെദ് പോർട്ടൽ നിരസിക്കുകയാണ്.പുതിയ റിക്രൂട്ട്മെന്റ് സമ്പ്രദായവുമായി ബന്ധപ്പെട്ട നിയമങ്ങൾ മുസാനെദിൽ ലഭ്യമാണെന്നും ഗാർഹിക തൊഴിലാളി വിസക്ക് അപേക്ഷിക്കുന്നവർ അത് പിൻതുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആദ്യ ഗാർഹികതൊഴിലാളി വിസ ലഭ്യമാകാൻ പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ ശമ്ബളം 10,000 റിയാൽ (ഏകദേശം 221,844.37 രൂപ) ശമ്പളം ഉണ്ടായിരിക്കണം. സാമ്ബത്തിക സ്ഥിരതയുടെ തെളിവ് കാണിക്കാനായി ബാങ്കിൽ നിന്നും ഒരു ലക്ഷം റിയാൽ മൂല്യമുള്ള (ഏകദേശം 22,18,474.39 രൂപ) ആസ്തി ബാധ്യത പട്ടികയും നൽകണം. രണ്ടാമത്തെ വിസ ലഭിക്കാൻ പ്രവാസികൾക്ക് കുറഞ്ഞ ശമ്ബളം 20,000 റിയാൽ വേണം. രണ്ട് ലക്ഷം റിയാലിന്റെ ബാങ്ക് ബാലൻസ് ഷീറ്റും നൽകണം.പ്രവാസികളുടെ ശമ്പളം സാധൂകരിക്കാനായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ നിന്നുള്ള ശമ്ബള സർട്ടിഫിക്കറ്റ് നൽകണം. വിസ അപേക്ഷാ തീയതി മുതൽ 60 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനുമായി രൂപകൽപ്പന ചെയ്തതാണ് മുസാനെദ് പോർട്ടൽ.