പ്രവാസി മലയാളികളുടെ വളരെ നാളത്തെ കാത്തിരിപ്പ് സഫലമാകാൻ പോകുന്നു എന്ന വാർത്തകളാണ് കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. കേരള മാരിടൈം ബോർഡിൻ്റെ നേതൃത്വത്തിൽ ഗൾഫിലേയ്ക്കുള്ള കപ്പൽ യാത്രയുടെ സാധ്യതകൾ പരിശോധിക്കാനുള്ള ആദ്യഘട്ട ചർച്ച കൊച്ചിയിൽ നടത്താൻ തീരുമാനിച്ചതോടെ അധികം വൈകാതെ കപ്പൽ യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. സീസണിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് ഉയരുന്നതിനാൽ ഗൾഫ്-കേരള കപ്പൽ യാത്ര സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകും.
കപ്പൽ യാത്രയുടെ സാധ്യതകൾ പരിശോധിക്കുന്നതിനായി ഉന്നതാധികാരികൾ നടത്തിയ ആദ്യഘട്ട ചർച്ച വിജയമായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിദേശ കപ്പൽ കമ്പനികൾ ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികൾ, ടൂറിസം, ലോജിസ്റ്റിക്സ് ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ തുടങ്ങി 40ലധികം പേർ ചർച്ചയിൽ പങ്കെടുത്തു. കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കുക, പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുക തുടങ്ങിയവയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. യാത്രയ്ക്കായി ക്രൂയിസ് ഷിപ്പുകളാണോ യാത്രാ കപ്പലുകളാണോ ആവശ്യമെന്നത് തുടങ്ങി നിരവധി സംശയങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നു.
കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് നാല് കമ്പനികളാണ് തുടക്കത്തിൽ എത്തിയിരുന്നത്. രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്‌സി (JM Baxi), സിത (Sita) ട്രാവൽ കോർപ്പറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇൻ്റർസൈറ്റ് (intersight) ടൂർസ് ആന്റ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്‌വെ (Gangway) ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സ് എന്നിവയാണ് കേരളത്തിലെ തുറമുഖങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ താല്പര്യം അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് സർവീസ് നടത്താൻ താൽപര്യമുള്ള കമ്പനികളിൽ നിന്ന് കേരള മാരിടൈം ബോർഡ് താൽപര്യപത്രം ക്ഷണിച്ചതോടെയാണ് കമ്പനികൾ രംഗത്തെത്തിയത്.
സർവ്വീസ് നടത്താൻ താൽപര്യമുള്ള കമ്പനികൾക്ക് ഏപ്രിൽ 22 വരെ അപേക്ഷകൾ നൽകാൻ സമയമുണ്ട്. അതിന് ശേഷം കമ്പനികളുമായി മാരിടൈം ബോർഡ് വിശദമായ ചർച്ചകൾ നടത്തുകയും ചെയ്യും. എന്തായാലും വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികൾ കപ്പൽ യാത്രയ്ക്കായുള്ള കാത്തിരിപ്പിലാണ്.