വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ മരണപ്പെട്ടു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബുദാബി യൂണിവേഴ്സിറ്റി ഇന്റർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്റെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്.
വീടിന്റെ കോണിപ്പടി ഇറങ്ങവെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ക്ഷതം മൂലമാണ് മരണം സംഭവിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബുദാബിയിൽ ബിരുദ വിദ്യാർത്ഥിയാണ് അമൻ.
മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.