അബുദാബിയില്‍ പ്രതിദിനം വിദേശികളുടെ 25 വിവാഹങ്ങൾവീതം നടക്കുന്നതായി സിവില്‍ കുടുംബകോടതിയുടെ കണക്കുകൾ. ഒരോ മണിക്കൂറിലും നാല് വിവാഹങ്ങൾ വീതം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ വിവാഹ നിയമം പ്രാബല്യത്തിൽ വന്ന ഇനുവരി മുതല്‍ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് രജിസ്റ്റർ ചെയ്തത് 2,200 വിവാഹങ്ങളെന്നും റിപ്പോര്‍ട്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കിയാണ് പുതിയ വിവാഹ നിയമം നടപ്പാക്കിയത്. വിവാഹത്തിനൊപ്പം വിവാഹമോചനം, പിതൃത്വം, അനന്തരാവകാശം, വ്യക്തിഗത പദവി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കുടുംബ കോടതി പരിഗണിക്കുന്നുണ്ട്.
വിവാഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
കഴിഞ്ഞ 3 മാസത്തിനിടെ വിവാഹിതരുടെ എണ്ണത്തിൽ 100 ശതമാനം വർധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ അനുമതിക്കായി കോടതിയിൽ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും.നേരത്തെ 48 മണിക്കൂര്‍ ആയിരുന്നു അനുവദനീയ സമയം.
നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് എമിറേറ്റിൽ ഒരേ വിശ്വാസമുള്ള ദമ്പതികൾക്ക് മാത്രമേ വിവാഹം കഴിക്കാൻ അനുമതി നല്‍കിയിരുന്നുള്ളൂ. ആരാധനാലയത്തിൽ വച്ച് വിവാഹം കഴിക്കുകയും പിന്നീട്യൂണിയൻ കോടതിയിൽ രജിസ്റ്റർ ചെയ്യുകയുമായിരുന്നു പതിവ്. പുതിയ നിയമമനുസരിച്ച് കോടതിക്ക് സാക്ഷികളുടേയോ അഭിഭാഷകരടേയോ ആവശ്യമില്ല.
വിവാഹ മോചനങ്ങളും കൂടുന്നു
അതേസമയം വിവാഹ മോചനങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ. 8 മാസത്തിനിടെ 95 വിവാഹമോചന ഹര്‍ജികൾ കോടതിയിലെത്തി. ഒരുവര്‍ഷം പോലും ആയുസ്സില്ലാതെയാണ് കൂടുതല്‍ വിവാഹ മോചനങ്ങളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിവിധ സര്‍ട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് 145 അപേക്ഷകളും സ്വത്ത് തര്‍ക്കങ്ങളുടെ പേരില്‍ 65 കേസുകളും വില്‍പ്പത്രത്തിന് നിയമസാധുത തേടി 820 അപേക്ഷകളും ഇക്കാലയളവില്‍ കോടതിയിലെത്തി.
ഹര്‍ജിക്കാര്‍ക്ക് കോടതിയുടെ ഇ- സംവിധാനത്തേയും ആശ്രയിക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ വിദേശികളുടെ പിന്തുടർച്ചാവകാശ കേസുകളുടെ എണ്ണത്തില്‍ 125ശതമാനം വർധനയുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോടതി നടപടികൾക്കൊ വിവാഹ മോചനത്തിനൊ നിയമ വിഭാഗത്തിന്‍റെ കാലതാമസം നേരിടേണ്ടിവരുന്നില്ലെന്നും ജുഡിഷ്യല്‍ വിഭാഗം വ്യക്തമാക്കി.