എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി. ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിലാണ് പാര്‍ട്ടിയുടെ നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി.
നടപടിയുണ്ടാകുമെന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി രാജിക്കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ കൺവീനർ സ്ഥാനത്ത് നിന്നൊഴിയുന്നുവെന്നാണ് വിശദീകരണം. പകരം ടി.പി രാമകൃഷ്ണനാണ് എല്‍ഡിഎഫ് കൺവീനർ ചുമതല നല്‍കിയിരിക്കുന്നത്. എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ഇ.പി ജയരാജൻ്റെ പ്രതികരണം.
ബിജെപിയിൽ പ്രവേശനം നേടുന്നതിന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ.പി ജയരാജൻ മൂന്ന് വട്ടം ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലാണ് കുരുക്കായത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്ന് ജയരാജൻ പറഞ്ഞെങ്കിലും രാജി ഒഴിവാക്കാനായില്ല.
ഇതോടെ പ്രതിപക്ഷം ഉന്നയിച്ച ഇ.പി ജയരാജന്‍-ബിജെപി ബന്ധം സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കേസുകൾ ദുർബലമാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടതെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.