കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണെന്നും അത് മാറണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘‘നയം മാറുന്നതോടെ വലിയ തൊഴിൽ സാധ്യതയുണ്ടാവും. ആധുനിക കാലഘട്ടത്തിന്റെ രീതിയിലേക്ക് കള്ളുഷാപ്പുകൾ മാറണം. നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാവില്ല. അഭിപ്രായം പറയുന്നതിനെ നിരാകരിക്കുന്നില്ല. കള്ളുചെത്ത് തൊഴിലാളികൾക്ക് പൂർണസംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണം. തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ല. ചെറുപ്പക്കാരൊന്നും കള്ള് ചെത്താൻ വരുന്നില്ല. കയ്യിലെയും കാലിലെയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് അതിനു കാരണം.
ബോധവൽക്കരണം കൊണ്ടേ ഇതിനെ മാറ്റാനാവൂ. നയവുമായി ബന്ധപ്പെട്ട് എഐടിയുസിക്ക് എതിർപ്പുണ്ടെങ്കിൽ ചർച്ച നടത്താം. റിസോർട്ടുകളിൽ തെങ്ങുണ്ടെങ്കിൽ അവർ ചെത്തി കൊടുക്കട്ടെ’’– ഇ.പി.ജയരാജൻ പറഞ്ഞു.