കുട്ടികളിലെ അർബുദ നിർണയത്തിനും മൃഗങ്ങൾക്കിടയിലെ രോഗപ്പകർച്ച തടയുന്നതിനും എണ്ണ, വാതകം വേർതിരിച്ചെടുക്കുന്നതിൽനിന്ന് പ്രകൃതിദത്തമായ റേഡിയോ ആക്ടിവ് വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ഖത്തറിന്റെ മൂന്ന് ദേശീയ പദ്ധതികൾക്ക് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐ.എ.ഇ.എ) അംഗീകാരം നൽകി. സാമൂഹിക സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന ഏജൻസിയുടെ സാങ്കേതിക സഹകരണ പരിപാടിക്ക് കീഴിലാണ് പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് മൂന്നു വർഷക്കാലം നീളുന്ന ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. 2013ൽ റേഡിയേഷൻ പ്രൊട്ടക്ഷൻ വിഭാഗം പുറത്തിറക്കിയ എണ്ണ വ്യവസായത്തിന്റെ ഫലമായി, റേഡിയോ ആക്ടിവ് വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ നിലവിൽ പുതുക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയത്തിലെ പരിസ്ഥിതികാര്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി അബ്ദുൽ ഹാദി നാസർ അൽ മർറി പറഞ്ഞു.
അതേസമയം കമ്പനികളിൽ നിന്നുള്ള തൊഴിലാളികൾ വികിരണത്തിന് വിധേയരാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആണവോർജ ഏജൻസിയിലെ സാങ്കേതിക സഹകരണ പ്രോഗ്രാം നാഷനൽ ലെയ്സൺ ഓഫിസർ കൂടിയായ അൽ മർറി വ്യക്തമാക്കി. കൂടാതെ അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസൃതമായി റേഡിയോ ആക്ടിവ് മാലിന്യങ്ങളാൽ പരിസ്ഥിതി മലിനമാകുന്നില്ല എന്ന് ഉറപ്പാക്കാനും ഇതിലൂടെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.