ലോക കടലാമ ദിനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച അബുദാബി പരിസ്ഥിതി ഏജൻസിയും അൽ ഖാനയിലെ നാഷണൽ അക്വേറിയവും ചേർന്ന് വംശനാശഭീഷണി നേരിടുന്ന ഹോക്‌സ്‌ബിൽ ആമകളെ കടലിൽ തുറന്നുവിട്ടു. ആമകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലാണ് തുറന്നുവിട്ടത്. എന്നാൽ ജിപിഎസ് ട്രാക്കറുകൾ ഉപയോഗിച്ച് ആമകളുടെ നീക്കങ്ങൾ നിരീക്ഷിക്കും.
സാദിയാത്ത് റൊട്ടാന റിസോർട്ട് & വില്ലാസ് കടൽത്തീരത്താണ് ആമകളെ തുറന്നുവിട്ടത്. കമ്മ്യൂണിറ്റി അംഗങ്ങൾ, കടൽ യാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, ഇഎഡി റേഞ്ചർമാർ തുടങ്ങി നിരവധിപ്പേർ ആമകളെ തുറന്നുവിടുന്നത് കാണാനെത്തി.
വേൾഡ് ട്രാവൽ അവാർഡ് പ്രകാരം മിഡിൽ ഈസ്റ്റിലെ പ്രമുഖ ബീച്ച് ഡെസ്റ്റിനേഷൻ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രദേശമാണഅ സാദിയാത്ത് ദ്വീപ്. സംരക്ഷിത സമുദ്ര, വന്യജീവി ഇനങ്ങളെ പിന്തുണയ്ക്കുന്ന അതിമനോഹരവും വൈവിധ്യപൂർണ്ണവുമായ ആവാസവ്യവസ്ഥയ്ക്കും ദ്വീപ് പേരുകേട്ടതാണ്. ഹമ്പ്ബാക്ക്, ബോട്ടിൽ നോസ് ഡോൾഫിനുകൾ, നേറ്റീവ് അറേബ്യൻ ഗസല്ലുകൾ, വെത്യസ്ത പക്ഷികൾ തുടങ്ങി വിവിധ ഇനം ജീവികളെയാണ് ഇവിടെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്.
സമുദ്ര മലിനീകരണം, കൂടുണ്ടാക്കുന്ന സ്ഥലങ്ങളുടെ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, അനധികൃത വേട്ടയാടൽ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഹോക്‌സ്‌ബിൽ കടലാമകളുടെ വംശനാശത്തിന് കാരണമാകുന്നെന്നാണ് വിലയിരുത്തൽ. ഒറ്റപ്പെട്ട കടലാമകളെ ഒരു കൂട്ടം ശാസ്ത്രജ്ഞർ രക്ഷപ്പെടുത്തുകയും അവയെ പുനരധിവസിപ്പിക്കുകയും ആയിരുന്നു.