യുഎഇയിൽ സ്പോൺസർ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താൽ വിസ റദ്ദാക്കും. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കൂടാതെ മാറ്റ നടപടികൾ പൂർത്തിയാക്കാതെ മറ്റിടങ്ങളിൽ ജോലി ചെയ്താലും തൊഴിൽ കരാർ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിവിധ നിയമലംഘനങ്ങളിൽ തൊഴിൽ ഉടമയുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അധികൃതർ.
തൊഴിൽ കരാറിലെ അടിസ്ഥാന നിയമങ്ങൾ ലംഘിച്ചാൽ രേഖാമൂലം താക്കീത് നൽകുകയും 2 തവണ മുന്നറിയിപ്പു നൽകിയിട്ടും ലംഘനം ആവർത്തിച്ചാൽ തൊഴിൽ കരാർ റദ്ദാക്കാമെന്നും അധികൃതർ നിർദേശിച്ചു. വ്യാജ രേഖകൾ നൽകിയും വേഷം മാറിയുമാണ് ജോലി നേടിയതെന്ന് തെളിഞ്ഞാൽ മുന്നറിയിപ്പില്ലാതെ തൊഴിൽ കരാർ റദ്ദാക്കാൻ സാധിക്കും. ഇതോടൊപ്പം തൊഴിലുടമയ്ക്ക് നഷ്ടം വരുത്തിയാലും മനഃപൂർവം സ്വത്ത് നശിപ്പിച്ചാലും ആഭ്യന്തര മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലും ഇതേ നടപടിയാണ് സ്വീകരിക്കുക.
ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പരസ്യമാക്കുക, ജോലിസമയത്ത് ലഹരി ഉപയോഗിക്കുക, സദാചാര വിരുദ്ധമായി പെരുമാറുക, കയ്യേറ്റം ചെയ്യുക, ഉടമയെ അറിയിക്കാതെ ഒരാഴ്ചയിൽ കൂടുതൽ ജോലിയിൽനിന്ന് വിട്ടുനിൽക്കുക, വ്യക്തിപരമായ താൽപര്യങ്ങൾക്കും ധനസമ്പാദനത്തിനും വേണ്ടി പദവി ദുരുപയോഗം ചെയ്യുക എന്നീ സാഹചര്യങ്ങളിലും വിസ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.