റമദാൻ മാസം പിറന്നതോടെ യുഎഇയിൽ ഇഫ്താർ സംഗമങ്ങൾ സജീവമാകുകയാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദിവസേന നിരവധി ഇഫ്താർ സംഗമങ്ങളാണ് സംഘടിപ്പിക്കപ്പെടുന്നത്. അതിൽ ജനശ്രദ്ധ നേടുകയാണ് എമിറേറ്റ്‌സ് റെഡ് ക്രസൻ്റിന്റെ നേതൃത്വത്തിൽ അജ്മാനിൽ ഇന്നലെ ഒരുക്കിയ ഇഫ്താർ. വെറും സംഗമമല്ല, യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ സംഗമമാണ് സംഘടിപ്പിക്കപ്പെട്ടത്.
അജ്മാനിലെ അൽ സഫിയ പാർക്കിലാണ് എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് വിശാലമായ ഇഫ്താർ സംഗമമൊരുക്കിയത്. രണ്ട് കിലോമീറ്റർ നീളത്തിലാണ് ജനങ്ങൾക്ക് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിരുന്നത് എന്നതാണ് എടുത്തുപറയേണ്ടത്. 15,000 പേർക്കാണ് സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണം വിളമ്പിയത്. വൈകുന്നേരം നാല് മണിയായതോടെ പ്രവർത്തകർ ശ്രദ്ധാപൂർവ്വം പാർക്കിന് കുറുകെ നേർത്ത പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് ഇഫ്താറിൽ പങ്കെടുക്കാനെത്തുന്നവർക്ക് വിശാലമായ ഇരിപ്പിടം ഒരുക്കി.
നോമ്പുതുറക്കാനായതോടെ ജാതി-വർണ ഭേദമന്യേ ജനങ്ങൾ പാർക്കിലേയ്ക്ക് എത്തിത്തുടങ്ങി. അതിഥികളെ സംഘടനയുടെ പ്രവർത്തകർ സ്നേഹത്തോടെ സ്വീകരിച്ചു. വന്നവർ ഒരോരുത്തരായി ഇരിപ്പിടങ്ങളിൽ സ്ഥാനമുറപ്പിച്ചതോടെ മുന്നിൽ വിഭവങ്ങളുമെത്തി. പഴങ്ങൾ, ഈത്തപ്പഴം, വെള്ളം, സാലഡ്, വിഭവസമൃദ്ധമായ മറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ബോക്സുകളിൽ ഒരുക്കിയിരുന്നു. അവ സന്തോഷത്തോടെ കഴിച്ച് വയറും മനസും നിറഞ്ഞ് അതിഥികൾ യാത്രയായി. ആ സന്ദർഭങ്ങളിൽ ഐക്യത്തിൻ്റെയും ഒരുമയുടെയും പ്രതീകമായി മാറുകയായിരുന്നു എമിറേറ്റ്‌സ് റെഡ് ക്രസൻ്റ്.